ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ പുതുമകളുമായാണ് ആരാധകര്‍ക്ക് മുന്നില്‍ എത്തുന്നത്. കാല് പന്ത് കളിയിലെ പുതിയ നിയമങ്ങള്‍ ഈ ലോകകപ്പില്‍ നടപ്പിലാക്കും. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റ്. 48 ടീമുകള്‍, 12 ഗ്രൂപ്പ്, 104 മത്സരം.
രണ്ട് ജനറേഷനിലുള്ള താരങ്ങളുടെ പ്രകടനം വിധി നിര്‍ണയിക്കുന്ന ടൂര്‍ണമെന്റുമാണിത്. സ്പെയിനിന്റെ 18കാരന് ലാമിൻ യമാല്‍ വരും തലമുറയുടെ താരമാകാനൊരുങ്ങുമ്പോള്, ഇരട്ടിയിലധികം പ്രായവുമായി 41കാരന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 38കാരന് ലയണൽ മെസിയും പരിചയസമ്പത്തുമായി ശ്രദ്ധാകേന്ദ്രങ്ങളാകും.
ഇളമുറക്കാര്‍
മെക്സിക്കൻ മിഡ്ഫീല്‍ഡറായ ഗില്‍ബെര്‍ട്ടോ മോറയാണ് ടൂര്‍ണമെന്റിലെ ഏറ്റവും ഇളയവന്. കിക്കോഫ് ആരവം ഉയരുമ്പോള്‍ 17 വർഷവും 240 ദിനവും മാത്രമാണ് മോറയുടെ പ്രായം.
സ്പെയിനിന്റെ 18കാരന് ലാമിൻ യമാല്‍ ആണ് യുവനിരയിലെ ശ്രദ്ധാകേന്ദ്രം. വലത് വിംഗിലും മിഡ്ഫീല്‍ഡിലും അസാധ്യ മുന്നേറ്റം. യമാലിന്റെ കരിയറിലെ നിര്‍ണായക വഴിത്തിരിവാകും ഈ ലോകകപ്പ്.
18 വയസുള്ള ചെക്ക് റിപ്പബ്ലിക് മിഡ്ഫീല്‍ഡര്‍ ഹ്യൂഗോ സൊചുറേക് ആണ് മറ്റൊരു യുവ താരം. ബ്രസീൽ അറ്റാക്കിംഗ് താരം എന്‍ഡ്രിക് (19 വയസ്), ഫ്രഞ്ച് മിഡ്ഫീൽഡർ വാറന്‍ സെയ്ര് എമറി (20), തുര്‍ക്കിയുടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍മാരായ ആര്‍ദ ഗുലര്‍ (21), കെനന്‍ യില്‍ഡിസ് (21), അർന്റീനയുടെ അലെജാഡ്രോ ഗര്‍ണാച്ചോ (21), ജര്‍മനിയുടെ 23കാരായ ഫ്ളോറിയന്‍ വിര്‍സ്, യമാല്‍ മുസിയാല, അസാന് ഔഡ്രാഗോ (20) എന്നിവർക്കും ഇത് അരങ്ങേറ്റ ലോകകപ്പ്.
ഓള്‍ഡ് ഗോള്‍ഡ്
സ്കോട്ലന്ഡ് കാവല്ക്കാരന് ഗ്രെയ്ക് ഗോര്‍ഡന്‍ ആണ് ടൂര്‍ണമെന്റിലെ പ്രയമേറിയ താരം. ലോകകപ്പ് ആരംഭിക്കുമ്പോള്‍ ഗ്രെയ്കിനു പ്രായം 40 വർഷവും 162 ദിനവും.
ആറാം ലോകകപ്പ് കളിക്കുന്ന വെറ്ററന്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പ്രായത്തിൽ രണ്ടാമൻ, 41 വയസ്. ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച്, ബോസ്നിയ ആന്‍ഡ് ഹെര്‍സെഗോവിനയുടെ എഡിന് സെക്കോ, ജര്‍മനിയുടെ മാനുവല്‍ നോയര്‍ എന്നിവരും 40 പിന്നിട്ടവർ.